ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി: കൊവിഡിനെ നേരിടാൻ ഒരുമിച്ച് നിൽക്കണമെന്നും ചെന്നിത്തല

By Web Team  |  First Published Jul 6, 2020, 1:44 PM IST

തിരുവനന്തപുരം നഗരത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പുവക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്


തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ശക്തമാകുകയും തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിനായി എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ഘട്ടത്തില്‍ രോഗം വ്യാപിക്കുന്നത് തടയാൻ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പുവക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രി കടകള്‍ അടച്ചുപോയതിനു ശേഷം പൊടുന്നനെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി. 

Latest Videos

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനാവാത്ത സ്ഥിതിയായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമല്ല ഇത്. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കു നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുകയും വേണം. സര്‍ക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കൊവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ ജനങ്ങള്‍ അതേ പടി പാലിക്കണമെന്നും പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു.

click me!