ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ മുതൽ, വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി

By Web Team  |  First Published Jun 27, 2021, 7:13 PM IST

വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.


തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. വാക്സീൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്.  എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാലകൾ അറിയിക്കുന്നത്. 

Latest Videos

undefined

പരീക്ഷ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സർവകലാശാലകൾ വ്യക്തമാക്കുന്നു. സർവകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. ബിഎസ്സി, ബിക്കോം പരീക്ഷകൾ രാവിലെയും ബിഎ പരീക്ഷകൾ ഉച്ചക്കുമാണ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും. പരീക്ഷകൾ നടത്താൻ സർക്കാറും സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.

ബിരുദ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചിട്ടുണ്ട്.  സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!