വീണ്ടും ട്രെയിൻ അപകടം; സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി

By Web Team  |  First Published Nov 9, 2024, 11:23 AM IST

റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം പാളം തെറ്റിയ കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി.  


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ അപകടം. സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസിൻ്റെ (22850) മൂന്ന് കോച്ചുകൾ പാളം തെറ്റി. പുലർച്ചെ 5:31ൃഓടെ ഖരഗ്പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷൻ കടന്നുപോകുന്നതിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.  

പാളം തെറ്റിയ മൂന്ന് കോച്ചുകളിൽ ഒന്ന് പാഴ്‌സൽ വാനും രണ്ടെണ്ണം പാസഞ്ചർ കോച്ചുകളുമാണ്. സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള റിലീഫ് ട്രെയിനുകളും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകടം നടന്ന സ്ഥലത്ത് എത്തി. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. അപകട  മേഖലയിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലും അസമിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. 

Latest Videos

READ MORE: സമോസ വിവാദത്തിൽ നിന്ന് തലയൂരാൻ ഹിമാചൽ സ‌ർക്കാർ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി സിഐഡി വിഭാ​ഗം

click me!