പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

By Web TeamFirst Published Jul 8, 2024, 7:59 AM IST
Highlights

വൈദ്യുതി ലൈനിലെ പ്രശ്നങ്ങൾ പ്രദേശവാസികൾ മുൻപ് തന്നെ കെഎസ്ഇബിയെ അറിച്ചതാണെന്നും പരിഹാരം ഉണ്ടായില്ലെന്നും സഹോദരി ഭർത്താവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ബന്ധുക്കൾ. കെഎസ്ഇബിയുടെ അനാസ്ഥയാണ് അബ്ദുൽ സലാമിന്‍റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈദ്യുതി ലൈനിലെ പ്രശ്നങ്ങൾ പ്രദേശവാസികൾ മുൻപ് തന്നെ കെഎസ്ഇബിയെ അറിച്ചതാണെന്നും പരിഹാരം ഉണ്ടായില്ലെന്നും സഹോദരി ഭർത്താവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലപ്പോഴായി കമ്പി കെട്ടാൻ പറ‍ഞ്ഞിട്ടും ചതുപ്പ് സ്ഥലമാണെന്നും അതിനുള്ള സംവിധാനമില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ മടങ്ങിപോവുകയായിരുന്നുവെന്നും നാസർ പറഞ്ഞു. എന്നാൽ, ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

ഇന്നലെ ഉച്ചയോടെയാണ് ഷോക്കേറ്റ് കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേർന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്. ചതുപ്പിൽ വീണുകിടന്ന അബ്ദുൽ സലാമിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റു. പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. 

Latest Videos

പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ, അന്വേഷണം

 

click me!