ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തു; തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും

By Web Team  |  First Published Apr 5, 2023, 12:29 PM IST

ആരോ​ഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. 


ആലപ്പുഴ: ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സിഡബ്ലിയുസി ഏറ്റെടുത്തു. ആരോ​ഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നി​ഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുത്ത് കുട്ടിയുടെ താത്ക്കാലിക സം​രക്ഷണം അവരേറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക. ഒരു കിലോ 300 ​ഗ്രാം തൂക്കമേയുള്ളൂ. കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ആരോ​ഗ്യം ഭേദപ്പെടുന്ന മുറക്ക് ഡിസ്ചാർജ് ആയി വരികയും തുടർന്നുള്ള ദിവസങ്ങളിൽ തണലിൽ തന്നെ സംരക്ഷിക്കുക. പേരിടുക തുടങ്ങി അങ്ങോട്ടുള്ള കാര്യങ്ങൾക്കെല്ലാം തണലായിരിക്കും ആശ്രയം.'' എൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

undefined

ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതിയറിയിച്ചത് അനുസരിച്ചാണ് ചെങ്ങന്നൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടി മരിച്ചുവെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്. എന്നാൽ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 

അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസില്‍ ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ്,  ഉടൻ തന്നെ തൊട്ടടുത്ത് ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.

ചെങ്ങന്നൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ, നിർണായകമായത് അമിത രക്തസ്രാവവുമായെത്തിയ യുവതിയുടെ മൊഴി  

click me!