1962 -ൽ ചങ്ങനാശ്ശേരി ഹിന്ദു കോളേജിൽ വച്ചാണ് ആദ്യമായി യുവജനോത്സവം കാണാൻ പോകുന്നത്. അന്ന് പന്ത്രണ്ടോ പതിമൂന്നോ ഇനം മാത്രമായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. എന്നാൽ, ഇന്ന് ഇരുന്നൂറിലധികം ഇനങ്ങളുണ്ട്.
കല ചില മനുഷ്യർക്ക് ഭ്രാന്താണ്, ചിലർക്ക് ലഹരിയും. എന്നുവച്ച് എല്ലാ വർഷവും മുടങ്ങാതെ കലോത്സവം കാണാൻ പോകുന്ന എത്ര പേരുണ്ടാവും? സ്വാമി യതീന്ദ്ര തീർത്ഥ അങ്ങനെയൊരാളാണ്. എല്ലാ വർഷവും കലോത്സവ വേദികളിലേക്ക് മുടങ്ങാതെ തീർത്ഥയാത്ര നടത്തുന്നു അദ്ദേഹം. ഇത്തവണയും ആ പതിവ് മുടക്കിയില്ല. കോഴിക്കോട്ടും സ്വാമിയെത്തി. പല വേദികളിലും മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. യതീന്ദ്ര തീർത്ഥ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ആദ്യ കലോത്സവം കാണുന്നത് 1962 -ൽ
undefined
1962 -ൽ ചങ്ങനാശ്ശേരി ഹിന്ദു കോളേജിൽ വച്ചാണ് ആദ്യമായി യുവജനോത്സവം കാണാൻ പോകുന്നത്. അന്ന് പന്ത്രണ്ടോ പതിമൂന്നോ ഇനം മാത്രമായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. എന്നാൽ, ഇന്ന് ഇരുന്നൂറിലധികം ഇനങ്ങളുണ്ട്. എനിക്കത് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു. എന്നാൽ, ഇനങ്ങൾ കൂടുന്നതും നല്ലതാണ്. അതുപോലെ, നേരത്തെ വേദികളിൽ പക്കമേളക്കാർ ഉണ്ടായിരുന്നു. എന്നാൽ, ഇന്നതില്ല. അത് വേദിയെ ശുഷ്കമാക്കിയതുപോലെ തോന്നും. അതുപോലെ എത്രയോ കലാകാരന്മാരുടെ വയറ്റത്തടിക്കുന്ന ഒന്നാണ് പക്കമേളക്കരില്ലാത്തത്.
ആദ്യത്തെ യുവജനോത്സവത്തിന്റെ ചെലവ് ഇരുപതിനായിരത്തിൽ താഴെ ആയിരിക്കണം. ഇന്നത്തെ കലോത്സവത്തിന്റേത് പോലെ ധൂർത്തടിയില്ല അന്ന്. ഇന്ന് സാമ്പത്തികനേട്ടമടക്കം ഉണ്ടാക്കുന്നുണ്ട് കലോത്സവത്തിലൂടെ.
എന്തുകൊണ്ട് മുടങ്ങാതെ വരുന്നു?
കല നൽകുന്ന പൊസിറ്റീവ് എനർജി ഒരു ചെറിയ കാര്യമല്ല. അതുപോലെ ഒരുപാട് ആളുകളെ കലോത്സവത്തിനെത്തിയാൽ കാണാനാവും. കാലാകാരികൾ, കലാകാരന്മാർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ എല്ലാം അതിൽ പെടുന്നു. അവരെയെല്ലാം കാണാനാവുന്നതിന്റെ സന്തോഷമുണ്ട്.
അതുപോലെ എല്ലാ ഇനങ്ങളും ഓടിനടന്ന് കാണണം എന്നുണ്ട്. എന്നാൽ, 24 വേദികളുണ്ട്. എല്ലാത്തിലും കൂടി എത്താനാകില്ലല്ലോ എന്ന സങ്കടവുമുണ്ട്. ആദ്യത്തെ ദിനം കണ്ടത്, മോഹിനിയാട്ടം, സംസ്കൃതം നാടകം, ഭരതനാട്യം, മാർഗംകളി എന്നിവയെല്ലാമാണ്. ഇനിയും കഴിയാവുന്നതെല്ലാം നടന്ന് കാണണം എന്ന് തന്നെയാണ്.
ഏറ്റവും ഇഷ്ടപ്പെട്ട ഇനങ്ങൾ?
ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, മോഹിനിയാട്ടം, നാടകം, കേരളനടനം, ഭരതനാട്യം, കഥാപ്രസംഗം എന്നിവയെല്ലാമാണ് മുടങ്ങാതെ കാണുന്നത്. അതെല്ലാം വളരെ ഇഷ്ടവുമാണ്. താനും ചെറുപ്പത്തിൽ കഥാപ്രസംഗം, നാടകം ഒക്കെ ചെയ്യാറുണ്ടായിരുന്നു.
കല കൊണ്ട് സമൂഹത്തിനെന്താണ് നേട്ടം?
കല മനുഷ്യർക്ക് പൊസിറ്റീവ് എനർജി സമ്മാനിക്കും. അതുപോലെ കഥാപ്രസംഗം, നാടകം തുടങ്ങിയ ഇനങ്ങളിലൂടെയെല്ലാം പല കാര്യങ്ങളും സമൂഹത്തോട് പറയുന്നുമുണ്ട്.
കലോത്സവത്തെ കുറിച്ച് എങ്ങനെ കൃത്യമായി അറിയുന്നു എന്ന് ചോദിച്ചാൽ പത്രത്തിലൂടെ എന്നാണ് സ്വാമിയുടെ മറുപടി. അതുപോലെ കുട്ടികളും അദ്ദേഹത്തെ വിളിക്കും. സ്വാമി മത്സരിക്കുന്നുണ്ട്. കാണാൻ വരണേ എന്ന് ക്ഷണിക്കും. അപ്പോൾ കാണാൻ മുടങ്ങാതെ എത്തും
ആലപ്പുഴയിലെ തണ്ണീർമുക്കത്തെ ആശ്രമം
ആലപ്പുഴയിലെ തണ്ണീർമുക്കത്ത് ഒരു ആശ്രമമുണ്ട്. അതും കലയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അവിടെ ലൈബ്രറിയുണ്ട്. താൽപര്യമുള്ളവരെ മാത്രമാണ് അവിടെ ആധ്യാത്മികത പഠിപ്പിക്കുന്നത്. അങ്ങനെ എല്ലാം കൊണ്ടും കലയെ ചേർത്തു പിടിക്കുകയാണ് സ്വാമി യതീന്ദ്ര തീർത്ഥ.