സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നൽകി. അന്തസ്സുള്ള നടപടിയെന്ന് മന്ത്രി ശിവൻകുട്ടി.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, വിവാദം മുറുകിയപ്പോൾ മന്ത്രി നടിക്കെതിരായ പ്രസ്താവന പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, അവതരണഗാനത്തിന്‍റെ നൃത്തം ആര് പഠിപ്പിക്കുമെന്നായിരുന്നു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അതിനാണ് കലാമണ്ഡലം ഉത്തരം നൽകിയത്.കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
പ്രതിഫലത്തിൽ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്‍റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതിൽ വലിയ പോരാണ് നടന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയർന്നു. പേര് പരാമർശിക്കാതെ മന്ത്രി പറഞ്ഞ നടി ഉന്നത കേന്ദ്രങ്ങളോട് പറഞ്ഞ പരാതിയിലായിരുന്നു മന്ത്രിയുടെ യൂ ടേൺ എന്നാണ് വിവരം. മത്സരങ്ങൾക്ക് കർട്ടൻ ഉയരും മുമ്പെ തുടങ്ങിയ വിവാദങ്ങൾക്കൊടുവിൽ കലാമണ്ഡലത്തിന്‍റെ ഫ്രീ ക്ലാസിലെ അവതരണനൃത്തത്തിലാകും ഇനിയുള്ള ശ്രദ്ധ.
undefined