2020 ഒക്ടോബര്‍ മാസത്തിലാണ് കേരളത്തിന്‍റെ സ്വന്തം ഓപ്പണ്‍ സര്‍വകലാശാല എന്ന വിശേഷണത്തോടെ ശ്രീനാരായണഗുരു സര്‍വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. എന്നിട്ടെന്തായി? ഏഷ്യാനെറ്റ് ന്യൂസ് പരിശോധിക്കുന്നു.
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുളള സംസ്ഥാന സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് ഇല്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കൊല്ലം ആസ്ഥാനമായി രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് തിടുക്കത്തില്‍ രൂപീകരിച്ച സര്‍വകലാശാലയെ പിന്നീട് സര്‍ക്കാര്‍ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു കോഴ്സിനു പോലും യുജിസി അംഗീകാരം നേടാനാകാത്തതും ചാന്‍സലറായ ഗവര്‍ണറുടെ പ്രകോപനത്തിന്‍റെ കാരണമാണ്.
2020 ഒക്ടോബര്‍ മാസത്തിലാണ് കേരളത്തിന്‍റെ സ്വന്തം ഓപ്പണ്‍ സര്‍വകലാശാല എന്ന വിശേഷണത്തോടെ ശ്രീനാരായണഗുരു സര്‍വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. എന്നിട്ടെന്തായി? ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ പിന്നിടുമ്പോള്‍ ഈ സര്‍വകലാശാല കൊണ്ട് കേരളത്തിലെ ഒരു വിദ്യാര്‍ഥിക്ക് പോലും പ്രയോജനമുണ്ടായിട്ടില്ല. യുജിസി അംഗീകാരം പോലും ഇനിയും സര്‍വകലാശാലയ്ക്ക് കിട്ടിയിട്ടില്ല. ദേശീയ പാതയോരത്ത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം വിഴുങ്ങുന്ന ഒരു കാഴ്ച വസ്തു മാത്രമാണ് ഇന്ന് കേരളത്തിന്‍റെ സ്വന്തം ഓപ്പണ്‍ സര്‍വകലാശാല.
undefined
അധ്യാപക, അനധ്യാപക നിയമനങ്ങള്‍ നടന്നിട്ടില്ല. സിലബസ് ആയിട്ടില്ല. എന്തിന് ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പോലും കിട്ടുന്നില്ല. പിന്നെ എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ക്കാര്‍ക്കും ഉത്തരവുമില്ല. ചാന്‍സലറായ ഗവര്‍ണറുടെ പ്രകോപനത്തിനുളള ഒരു കാരണമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മാറിയതും ഈ സാഹചര്യത്തിലാണ്.
കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ശ്രീനാരായണഗുരുവിന്‍റെ പേരില്‍ സര്‍ക്കാര്‍ സര്‍വകലാശാല തട്ടിക്കൂട്ടിയത്. ഇടതുമുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിയപ്പോഴേക്കും സര്‍വകലാശാലയെ സർക്കാർ ഏതാണ്ട് മറന്ന മട്ടിലായി.