സ്പിരിറ്റ് കേസില്‍ പ്രതിയായി; പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി

By Web Team  |  First Published May 2, 2019, 4:21 PM IST

അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെയാണ് സിപിഎം പുറത്താക്കിയത്. കഴിഞ്ഞ ദിവസം തത്തമംഗലത്ത് വെച്ച് എക്സൈസ് സംഘം പിടികൂടിയ സ്പിരിറ്റ് കേസില്‍ ഇയാള്‍ പ്രതിയാണ്.


പാലക്കാട്: തത്തമംഗലത്ത് വെച്ച് എക്സൈസ് സംഘം പിടികൂടിയ സ്പിരിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് ഇന്ന് ചേര്‍ന്ന അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

കാറില്‍ കടത്താന്‍ ശ്രമിച്ച  525 ലിറ്റർ സ്പിരിറ്റാണ് തത്തമംഗലത്തിന് സമീപത്ത് നിന്ന് ഇന്നലെ എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയത്. എക്സൈസ് സംഘം കാറ് തടഞ്ഞ് നിര്‍ത്തിയതിനിടെ ഓടി രക്ഷപ്പെട്ട അനിലിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.  മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് അത്തിമണി അനിൽ എന്നറിയപ്പെടുന്ന ഇയാൾ സ്പിരിറ്റെത്തിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് പറയുന്നത്. 

Latest Videos

undefined

കഴിഞ്ഞ ദിവസം പിടിയിലായ മണിയിൽ നിന്നാണ് ഇയാളെക്കുറിച്ചുളള വിവരം എക്സൈസിന് ലഭിച്ചത്. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കൾ എക്സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും വിവരമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 

പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന  ജനതാദൾ - സിപിഎം സംഘർഷത്തിലും അനിലിന് പങ്കുണ്ട്. പലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥരെ ഇയാൾ ഉൾപ്പെടെയുളള സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. 

click me!