മാസപ്പടി ആരോപണം സഭയിൽ വീണ്ടും ഉന്നയിച്ച് മാത്യു കുഴൽനാടൻ; തടഞ്ഞ് സ്പീക്കര്‍, മൈക്ക് ഓഫ് ചെയ്തു

By Web TeamFirst Published Jun 20, 2024, 3:48 PM IST
Highlights

കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്

തിരുവനന്തപുരം: മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ്  മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ എഎൻ ഷംസീര്‍ ഓഫ് ചെയ്തു. 

മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്. നിങ്ങൾ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. എന്നാൽ മാത്യു കുഴൽനാടൻ പിന്മാറാൻ തയ്യാറായില്ല. പിവി എന്നത് താനല്ല എന്നാണ് പിണറായി പറയുന്നതെന്നും ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചുവെന്നും പിവി താനല്ലെന്ന് ഹൈക്കോടതിയിൽ പിണറായി വിജയൻ പറയട്ടെയെന്നും പറഞ്ഞ മാത്യു പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്നും പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും മാത്യു പിന്മാറാൻ തയ്യാറാകാതെ വന്നതോടെ സ്പീക്കര്‍ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!