ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

By Web TeamFirst Published Jul 23, 2024, 8:36 PM IST
Highlights

രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ അവിടെ ആകും നാളെ തെരച്ചിലിന്റെ കേന്ദ്ര ബിന്ദു. 

ബെം​​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിലിന്റെ എട്ടാം ദിവസം നിർണായക സൂചന. ​ഗം​ഗാവാലി പുഴയിൽ  റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാർ സി​ഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്. സോണാർ സിഗ്നൽ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചിട്ടുണ്ട്.

ശക്തമായ അടിയൊഴുക്ക് മൂലമാണ് ഇന്ന് ഈ പ്രദേശത്ത് ഇറങ്ങാൻ കഴിയാതെ വന്നത്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ അവിടെ ആകും നാളെ തെരച്ചിലിന്റെ കേന്ദ്ര ബിന്ദുവെന്നും നാവിക സേന വ്യക്തമാക്കി.ഈ സിഗ്നലില്‍ രണ്ട് സാദ്ധ്യതകളുണ്ടെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു.. ഒന്ന് ഒരു മെറ്റൽ ടവർ മറിഞ്ഞു പുഴയിൽ വീണതായി റിപ്പോർട്ടുണ്ട്,  ചിലപ്പോള്‍ അതാകാം. അല്ലെങ്കിൽ അത് അർജുന്റെ ലോറി ആകാം. ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ചും നാളെ ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് നാവികസേനയുടെ തീരുമാനം.

Latest Videos

അർജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോ​ഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ അറിയിച്ചിട്ടുണ്ട്. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. ഈ ഉപകരണം ഉപയോ​ഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു. അതേസമയം, ഇന്ന് നദിയിൽ നടത്തിയ തെരച്ചിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. 

ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് എന്ന ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.

 

click me!