'എസ്എഫ്ഐയുടേത് മാനംകെട്ട പ്രവർത്തി' ഗവർണർക്ക് പിന്തുണയുമായി ശശി തരൂർ

By Web TeamFirst Published Dec 12, 2023, 1:02 PM IST
Highlights

സംഭവത്തിൽ കാറിൽനിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവർണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂർ വിമർശിച്ചു.

ദില്ലി:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിഷയത്തിൽ ഗവർണറെ പിന്തുണച്ചുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമിൽ ശശി തരൂരിെൻറ പ്രതികരണം. ഗവർണറെ തടഞ്ഞത് എസ്എഫ്ഐ ഗുണ്ടകളാണെന്നും മാനംകെട്ട പ്രവർത്തിയാണെന്നും ശശി തരൂർ വിമർശിച്ചു.

സംഭവത്തിൽ കാറിൽനിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവർണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂർ വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യാൻ അനുവദിക്കുന്നതിനിടെയാണ് ഗവർണറെ ആക്രമിക്കാൻ പൊലീസ് അനുമതി നൽകി. ലജ്ജാകരമായ നടപടിയാണിതെന്നും ശശി തരൂർ ആരോപിച്ചു.

Latest Videos

അതേസമയം, തിരുവനന്തപുരത്ത് ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ  പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ദില്ലിയിലും സുരക്ഷ കൂട്ടും ഗവർണർക്ക് അകമ്പടിയായി ദില്ലി പൊലീസിൻ്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും. 

ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗവർണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവർണർ നടു റോഡിൽ ഇറങ്ങി സുരക്ഷ പ്രശ്നം ഉന്നയിച്ചത് സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിെൻറയും ബിജെപിയുടെയും തീരുമാനം. 

രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.

പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി.  പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു. ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. പൊലീസ് 19 പേരെ കസ്റ്റഡിയിലെടുത്തു. 

 

click me!