ലൈംഗികാരോപണം; കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

By Web TeamFirst Published Oct 31, 2024, 7:54 AM IST
Highlights

താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നടപടിക്കൊരുങ്ങുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റാൻ സാധ്യത.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റാനാണ് സാധ്യത. താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നീക്കം.

ഭർത്താവിൻ്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനങ്ങൾ ചെയർമാൻ്റെ രാജി ആവശ്യപെട്ട് സമരത്തിലാണ്. സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയിൽ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി.

Latest Videos

ഇക്കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. കോട്ടയിൽ രാജുവിനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാനാണ് നീക്കം. സമ്മേളന കാലത്ത് ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന പരാതി പാർട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് കോട്ടയിൽ രാജുവിൻ്റെ വിശദീകരണം. നഗരസഭ ചെയർമാൻ സ്ഥാനം 4 വർഷം സിപിഎമ്മിനും 1 വർഷം സിപിഐയ്ക്കും എന്നാണ് മുന്നണി ധാരണ. ലൈംഗികാരോപണത്തിൻ്റെ പേരിൽ കോട്ടയിൽ രാജുവിനെ മാറ്റിയാലും ധാരണ പ്രകാരമുള്ള സ്വാഭാവിക നടപടി എന്നാകും പാർട്ടിയുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!