ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു

By Web TeamFirst Published Jan 25, 2024, 1:49 PM IST
Highlights

കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്.

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിന് എൻഒസിക്കായി സമർപ്പിച്ച അപേക്ഷ ജില്ല കളക്ടർ നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് നിരസിച്ചത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും നിർദ്ദേശം.

സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസിൻ്റെ പേരിൽ ശാന്തൻപാറയിലുള്ള എട്ട് സെൻ്റ് സ്ഥലത്താണ് ഓഫീസ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണ നിരോധനമുള്ള സ്ഥലത്ത് എൻഒസി വാങ്ങാതെ പണിതതിനെ തുടർന്ന് റവന്യൂ വകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകി. ഇതവഗണിച്ച് പണി തുടർന്നതോടെ ഓഗസ്റ്റിൽ ഹൈക്കോടതി നിർത്തി വക്കാൻ ഉത്തരവിട്ടു. ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയനു വേണ്ടി സിപിഎം നേതാവ് വി എൻ മോഹനൻ കേസിൽ കക്ഷി ചേർന്നതോടെ കെട്ടിടം നിർമ്മിക്കാൻ എൻഒസിക്ക് അപേക്ഷ സമർപ്പിക്കാനും പരിശോധനകൾ നടത്തി തീരുമാനം എടുക്കാൻ കളക്ടറോടും നിർദ്ദേശിച്ചു. രേഖകൾ തൃപ്തികരമാണെങ്കിൽ മുൻകൂർ അനുമതിയില്ലാതെ പണികൾ നടത്തിയെന്നത് പരിഗണിക്കാതെ എൻഒസി നൽകാനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് സർവേ വിഭാഗം സ്ഥല അളന്നു. ഇതിലാണ് കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തിയത്. 

Latest Videos

ഒപ്പം നാല് നിലയിൽ നാലായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പണിയാനാണ് കരാർ നൽകിയിരിക്കുന്നതെന്നും കണ്ടെത്തി. 1964 ലെ ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നൽകിയിരിക്കുന്ന ഭൂമിയിൽ ഗാർഹികേതര ആവശ്യത്തിനായി കെട്ടിടം പണിയാൻ അനുമതി നൽകാനാവില്ലെന്ന് കാണിച്ചാണ് എൻഒസി നിരസിച്ചത്. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിൻ്റെയും 1957 ലെ ഭൂസംരക്ഷണ നിയമത്തിൻറെയും ലംഘനമാണെന്നും ഉത്തരവിലുണ്ട്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് ഏറ്റെടുത്ത് ഭൂ സംരക്ഷണ നിയപ്രകാരം നടപടി സ്വീകരിക്കാൻ ഉടുമ്പൻചോല എൽ ആർ തഹസിൽദാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

click me!