താൻ നിരപരാധി, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും: തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്

By Web TeamFirst Published Jul 4, 2024, 11:55 AM IST
Highlights

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം വിജിലൻസ് സനീഷ് ജോര്‍ജ്ജിന് നൽകിയിട്ടുണ്ട്. രാജിക്കായി ബിജെപിയും കോൺഗ്രസും സമരം തുടരുകയാണ്

തൊടുപുഴ: നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി  നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് ഇന്ന് പ്രതികരിച്ചു.

തൊടുപുഴ കുമ്മങ്കലിലെ എൽ.പി സ്കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്ജിനെ വിജിലൻസ് രണ്ടാം പ്രതിയാക്കിയത്. കഴിഞ്ഞായഴ്ച നഗരസഭ ഓഫീസിൽ നടന്ന റെയ്ഡിൽ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ, അസിസ്റ്റൻ്റ് എൻജിനീയർ പിടിയിലായിരുന്നു. ഇയാൾക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചെന്ന കേസിലാണ് സനീഷ് ജോർജ് നിലവിൽ പ്രതി ചേർക്കപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടുതവണ വിജിലൻസ് ആവശ്യപ്പെട്ടിട്ടും സനീഷ് ജോർജ്ജ് തയ്യാറായിട്ടില്ല. ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്ത അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം വിജിലൻസ് സനീഷ് ജോര്‍ജ്ജിന് നൽകിയിട്ടുണ്ട്. രാജിക്കായി ബിജെപിയും കോൺഗ്രസും സമരം തുടരുകയാണ്. എൽഡിഎഫിലും സനീഷിനെതിരെ സമ്മർദ്ദമുണ്ട്. രാജിവച്ച് വിജിലൻസ് അന്വേഷണം നേരിടാനാണ് ജില്ലാ എൽഡിഎഫ് നേതൃത്വം നൽകിയ നിർദ്ദേശം. എന്നാൽ ഇതുപാലിക്കാതെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് സനീഷ്.  15 ദിവസത്തേക്ക് പകരം ചുമതല വൈസ് ചെയർപേഴ്സണ് കൈമാറിക്കൊണ്ട് കത്തും നൽകിയിട്ടുണ്ട്. സനീഷ് കൈക്കൂലി വാങ്ങിയതായി അറിയില്ലെന്നും നാക്കുപിഴയുടെ പേരിൽ വിജിലൻസ് കേസിലകപ്പെടുകയായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ചാണ് സനീഷ് ജോര്‍ജ്ജ് ജയിച്ചത്. എൽഡിഎഫ് പിന്തുണയോടെയാണ് അദ്ദേഹം അധ്യക്ഷനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!