Latest Videos

പ്രതിപക്ഷ നേതാവുമായി ഭിന്നത തള്ളാതെ ചെന്നിത്തല; പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതികരണം

By Web TeamFirst Published Jun 24, 2024, 5:49 PM IST
Highlights

കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ശേഷം വിഡി സതീശനുമായുള്ള ഭിന്നതയെ തുടര്‍ന്ന് അദ്ദേഹമൊരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങിപ്പോയത് വാര്‍ത്തയായിരുന്നു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ്‌ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ കുട്ടികൾക്ക് പ്ലസ് വൺ പഠിക്കാൻ അവകാശമില്ലേയെന്ന് ചോദിച്ച അദ്ദേഹം പ്രശ്ന പരിഹാരത്തിന് നടപടി വേണമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ശേഷം വിഡി സതീശനുമായുള്ള ഭിന്നതയെ തുടര്‍ന്ന് അദ്ദേഹമൊരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം കിട്ടാതിരുന്നതും മുൻ യുഡിഎഫ് യോഗം അറിയിക്കാതിരുന്നതുമാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ഇന്ന് രാവിലെ വിഡി സതീശൻ പ്രശ്ന പരിഹാരത്തിൻ്റെ ഭാഗമായി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും സഹോദര ബന്ധമാണെന്നും പറഞ്ഞ വിഡി സതീശൻ, ആശയ വിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും വിശദീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!