കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ അവധി തലേന്ന് പ്രഖ്യാപിക്കണം; കളക്ടർമാരോട് വിദ്യാഭ്യാസ മന്ത്രി

By Web Team  |  First Published Jul 4, 2023, 11:53 AM IST

മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ  അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. 


തിരുവനന്തപുരം : മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ  അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest Videos

undefined

കേരളത്തിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകിയിട്ടുള്ളത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്തും കാസർകോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിർദേശമുണ്ട്.

 സംസ്ഥാനത്ത് അതീവ ജാഗ്രത, മഴ ശക്തമായി; 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്, വ്യാപക നാശനഷ്ടം

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. 'ഓറഞ്ച് ബുക്ക് 2023' മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും സദാസമയവും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

 

 

 

 

 

click me!