ഇന്നലെ മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നാണ് റെയിൽവേ മന്ത്രിയുടെ ആരോപണം
ദില്ലി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രംഗത്ത്. ഇന്നലെ മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നാണ് റെയിൽവേ മന്ത്രിയുടെ ആരോപണം. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ ആരോപണം.
കേരളം എതിർത്തതോടെ മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിന്‍റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചത്.
undefined
മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് പിന്നെയും നീട്ടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്കോട്ടിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് കേരളസർക്കാരിന്‍റെ ഔദ്യോഗികമായ അഭ്യർഥന മാനിച്ച് യാത്ര നീട്ടി വച്ചത്. ക്വാറന്‍റീൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് കേരളം എതിർപ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡൽ ഓഫീസർ ഭാരതി ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.