'നിന്നെ ഒക്കെ തൂക്കി കൊല്ലാൻ വിധിച്ചുയെന്ന് കേൾക്കാൻ കാത്തിരിക്കുകയാണ്'; ടിപി വധക്കേസ് പ്രതികളെ കുറിച്ച് രാഹുൽ

By Web TeamFirst Published Feb 27, 2024, 12:37 AM IST
Highlights

ടിപി വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചിരുന്നു.

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കോടതി തൂക്കി കൊല്ലാന്‍ വിധിച്ചു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതികളായ കൊടി സുനി, ജ്യോതി ബാബു, കെ കെ കൃഷ്ണന്‍, റഫീക്ക്, ഷാഫി എന്നിവര്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു സഹതാപവും തോന്നുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്: ''അമ്മയ്ക്കു പ്രായം ആയി എന്ന് പറയുന്ന സഖാവ് കൊടി സുനിയും, ഡയാലിസിസ് ചെയ്യണം എന്ന് പറയുന്ന സഖാവ് ജ്യോതി ബാബുവും, ബൈ പാസ്സ് കഴിഞ്ഞന്നു പറയുന്ന സഖാവ് കെ കെ കൃഷ്ണനും, കേസുമായി ബന്ധം ഇല്ല എന്ന് പറയുന്ന സഖാവ് വാഴപ്പടച്ചി റഫീക്കും,
പഠിച്ചു ജോലി ചെയ്യണം എന്ന് പറയുന്ന സഖാവ് ഷാഫിയും, എല്ലാം മനസിലാക്കാന്‍ ഒരു കാര്യം പറയാം, നിന്റെ ഒന്നും ഈ കരച്ചില്‍ കേള്‍ക്കുമ്പോ ഒരു സഹതാപവും ഈ നാടിനു തോന്നുന്നില്ല. ഒരു മനുഷ്യനെ പച്ച ജീവനില്‍ വെട്ടി നുറുക്കുമ്പോള്‍ ആലോചിക്കണമരുന്നു. നിന്നെ ഒക്കെ തൂക്കി കൊല്ലാന്‍ വിധിച്ചു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളം. സിപിഐഎം എന്ന കൊലയാളി പാര്‍ട്ടിക്ക് വേണ്ടി കൊല്ലാന്‍ ഇറങ്ങുന്ന എല്ലാവന്മാരും ഭയക്കണം.''

Latest Videos

ടിപി വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി ഇന്നലെ കാരണം ചോദിച്ചിരുന്നു. പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചാണ് ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ കെ രമയും ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെകെ രമ പറഞ്ഞു. അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികള്‍, ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്നുള്ളത് ഓര്‍ത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെകെ രമ പറഞ്ഞു. 

അതേസമയം, കേസില്‍ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത. രാവിലെ 10.15ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് യുവതിയുടെ വീട്ടില്‍ 
 

click me!