വയനാട് ജില്ലയിലെ പനമരം ,മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളിൽ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും.
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലും ഇന്ന് സന്ദര്‍ശനം നടത്തും. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് രാഹുൽഗാന്ധി എത്തുന്നത്. ആദ്യം താമരശ്ശേരിയിലെ ക്യാംപിലേക്ക് എത്തുന്ന അദ്ദേഹം പിന്നാലെ മണ്ണിടിച്ചിലിൽ തകർന്നടിഞ്ഞ് കേരളത്തിന്റെ കണ്ണീരായി മാറിയ പുത്തുമലയിലേക്ക് പോകും. പുത്തുമലയിൽ ഇപ്പോഴും കാണാതായവർക്കായുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
തുടർന്ന് വയനാട് ജില്ലയിലെ പനമരം ,മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളിൽ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. കേരളം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം ഒപ്പം നിൽക്കണമെന്ന് രാഹുൽ ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.
ഇന്നലെ മലപ്പുറം ജില്ലയിലെ പ്രളയ മേഖലകളാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. നിരവധി പേർ മണ്ണിനടിയിലായ കവളപ്പാറയിലും രാഹുൽ എത്തി. ഉറ്റവർക്കായി തെരച്ചിൽ തുടരുന്ന ബന്ധുക്കളെ സമാശ്വസിപ്പിച്ചു. രക്ഷാ പ്രവർത്തനങ്ങളിൽ രാഹുൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
എന്നാൽ ക്യാംപുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രളയ അവലോകന യോഗത്തിലും പങ്കെടുത്താണ് രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് മടങ്ങിയത്. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി വയനാട്ടിൽ തങ്ങുന്ന രാഹുൽ ഗാന്ധി നാളെ ദില്ലിക്ക് മടങ്ങും.