ഇന്ന് രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും
സുല്‍ത്താൻ ബത്തേരി: രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം. സുൽത്താൻ ബത്തേരിയിൽ രാഹുൽഗാന്ധി റോഡ് ഷോ നടത്തി, പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ല്‍ത്താൻ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. കോണ്‍ഗ്രസിന്‍റെയോ ലീഗിന്‍റെയോ കൊടികള്‍ റോഡ് ഷോയിലുണ്ടായിരുന്നില്ല. പകരം ബലൂണുകളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. സുല്‍ത്താൻ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണൻ എംഎല്‍എ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു.
വന്യമൃഗ ശല്യവും രാത്രി യാത്രാ നിരോധനവും റെയിൽവേയും പരാമർശിച്ചായിരുന്നു രാഹുലിന്‍റെ വോട്ട് തേടൽ. രാത്രി യാത്ര നിരോധനം പരിഹരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്ന് രാഹാല്‍ ഗാന്ധി പറഞ്ഞു. രാത്രി യാത്ര നിരോധനം പരിഹരിക്കലും റെയിൽവേ കൊണ്ടുവരലും സങ്കീർണമായ വിഷയമാണെന്ന് അറിയാം. പക്ഷേ ഒരു മെഡിക്കൽ കോളേജ് ഒരുക്കാൻ എന്താണ് തടസ്സമെന്ന് രാഹുല്‍ ചോദിച്ചു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് ഈ നാടിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്.
രണ്ടിടത്തും അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ റോഡ് ഷോ നടത്തിയിട്ടും , പേരുമാറ്റൽ വിവാദത്തിൽ രാഹുൽ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമായി. സുല്‍ത്താൻ ബത്തേരിയ്ക്കുശേഷം പുല്‍പള്ളിയിലും റോഡ് ഷോ നടന്നു. ഇതിനുശേഷം ഇന്ന് മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലും റോഡ് ഷോ നടക്കും. പുൽപ്പള്ളിയിലെ കർഷക സംഗമത്തില്‍ രാഹുല്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.
ഇതിനിടെ, കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. വയനാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് നീലഗിരിയിൽ വെച്ചാണ് സംഭവം. താളൂര്‍ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇവിടെവെച്ചായിരുന്നു പരിശോധന. മൈസൂരിൽ നിന്നും രാഹുൽ പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥർ, രാഹുൽ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്റർ പരിശോധിക്കുകയായിരുന്നു.
അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പ്രചാരണത്തിനായി തയാറാക്കിയ ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മേഷനും ചില കേന്ദ്ര ഏജനസികളും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതായി ടിഎംസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ഹെലികോപ്റ്ററിൽ പരിശോധന നടത്തുന്നത്