പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ 'സ്ത്രീശക്തി സംഗമ'ത്തിൽ പങ്കെടുക്കും

By Web TeamFirst Published Dec 15, 2023, 6:35 PM IST
Highlights

സർക്കാരിന്റെ കഴിവ് കേട് മറച്ചുവെക്കാൻ പച്ചക്കള്ളം പ്രചരിപ്പിച്ച് കേന്ദ്രവിരുദ്ധ വികാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം ഇനി നടക്കില്ല. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം- കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ അം​ഗനവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാ​ഗം സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാനെത്തും. ചരിത്രപരമായ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്നും സുരേന്ദ്രൻ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
 
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. വണ്ടിപ്പെരിയാർ കേസിൽ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ചയാണ് വരുത്തിയത്. സിപിഎമ്മിന്റെ നേതാക്കളാണ് ഇതിന് വേണ്ടി ഇടപെട്ടത്. ഈ കേസ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടായി. 

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കടന്നാക്രമങ്ങൾ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന അവസ്ഥയാണുള്ളത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയില്ല. സർക്കാരിന്റെ മാനവീയം വീഥിയാൽ വരെ സ്ത്രീകൾക്ക് നേരെ ആക്രമണങ്ങളുണ്ടാവുന്നു. സ്ത്രീകളെ ആക്രമിക്കുന്ന ക്രിമിനലുകളെ നിരീക്ഷിക്കാൻ സംസ്ഥാനത്ത് സംവിധാനങ്ങളില്ല. സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കെതിരെ ഉയർന്ന സ്ത്രീപീഡന കേസുകളെല്ലാം പാർട്ടി അന്വേഷണ കമ്മീഷനെ വെച്ച് അട്ടിമറിച്ചു. സംസ്ഥാനത്ത് വേലി തന്നെ വിളവ് തിന്നുകയാണ്. സ്ത്രീ സൗഹൃദ സംസ്ഥാനമെന്നൊക്കെ വെറുതെ പറയാമെന്നല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ല.  

Latest Videos

മുഖ്യമന്ത്രിയും ധനമന്ത്രി ബാല​ഗോപാലും കേന്ദ്രത്തിനെതിരെ പച്ചക്കള്ളം ആവർത്തിക്കുകയാണ്. ക്ഷേമ പെൻഷൻ കൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പണം കൊടുക്കണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നവകേരള സദസിന് പണം കൊടുത്ത് മുടിഞ്ഞ തദ്ദേശ സ്ഥാപനങ്ങൾക്ക് മെലെ വീണ്ടും ഭാരം കയറ്റിവെക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്രത്തിനെതിരെ പറയുന്ന ധനമന്ത്രി വൻകിടക്കാർ കുടിശ്ശികയായി അടയ്ക്കാനുള്ള 25,000 കോടിയെ പറ്റി മിണ്ടുന്നില്ല. സർക്കാരിന്റെ കഴിവ് കേട് മറച്ചുവെക്കാൻ പച്ചക്കള്ളം പ്രചരിപ്പിച്ച് കേന്ദ്രവിരുദ്ധ വികാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം ഇനി നടക്കില്ല. 

പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നത്. മൂന്നാം വന്ദേഭാരത് കേരളത്തിന് ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സെക്രട്ടറി എ.നാ​ഗേഷ്, ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Read More : ജാഗ്രത! കേരളത്തിൽ 2 ദിവസം ഇടിമിന്നൽ, കടലിൽ പോകരുത്; നാളെ 7 ജില്ലകളിൽ യെല്ലോ, 17ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

click me!