'എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനെന്ന് പ്രശാന്തൻ പറഞ്ഞു': ഫാദർ പോൾ എടത്തിനകത്ത്

By Web TeamFirst Published Oct 18, 2024, 2:37 PM IST
Highlights

എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തൻ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്

കണ്ണൂർ: എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തൻ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പെട്രോൾ പമ്പിനായി ഭൂമി പാട്ടത്തിന് നൽകിയ വൈദികന്റേതാണ് വെളിപ്പെടുത്തൽ. സ്ഥലം പരിശോധിക്കുന്നതിനായി എ‍ഡിഎം എത്തിയിരുന്നെങ്കിലും താൻ കണ്ടിരുന്നില്ലെന്നും ഫാദർ പോൾ  അറിയിച്ചു. ഭൂമി പാട്ടത്തിന് നൽകിയത് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ്. പാട്ടക്കരാർ 20 വർഷത്തേക്കായിരുന്നെന്നും താനും പ്രശാന്തനും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചതെന്നും   ഫാദർ പോൾ എടത്തിനകത്ത് പറഞ്ഞു. 

'എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്ന ആളാണെന്നാണ് എഡിഎമ്മിനെ കുറിച്ച് എന്നോട് പറഞ്ഞത്. കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നത് വേറൊരു വഴിയിലൂടെയോ വേറെ രീതിയിലോ  അദ്ദേഹത്തെ സമീപിക്കാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്. എഡിഎം ഇവിടെ വന്നപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. പ്രശാന്തനാണ് പറഞ്ഞത് ഭൂമി ഒരുക്കിയിടണം എന്ന്. സാധാരണ ഗതിയില്‍ ആരെങ്കിലും വന്നാല്‍ എന്നെ വിളിക്കുന്നതാണ്. പക്ഷേ വിളിച്ചില്ല. ഒരു പ്രാവശ്യം പോലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.' ഫാദര്‍ പോള്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിങ്ങനെ.

Latest Videos

നെടുവാലൂര്‍ പള്ളിയുടെ ഭൂമിയാണ് പെട്രോള്‍ പമ്പിനായി പാട്ടത്തിന് കൊടുത്തത്. പുതിയ പള്ളി നിര്‍മാണം നടക്കുന്നതിനാല്‍ അതിനാവശ്യമായ പണം കണ്ടെത്തണമായിരുന്നു. അങ്ങനെയാണ് പള്ളിക്കമ്മിറ്റി ചര്‍ച്ച ചെയ്ത് രൂപതയുടെ അനുമതിയോടെ 40 സെന്‍റ്  ഭൂമി 20 വര്‍ഷത്തേക്ക് പ്രതിമാസം 40000 രൂപ വാടകയില്‍ പാട്ടത്തിന് നല്‍കിയത്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത, എഡിഎം നവീനെതിരെ പരാതി ഉന്നയിച്ച പ്രശാന്തന്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് ആദ്യം നല്ല അഭിപ്രായം പറഞ്ഞു. എന്ന് മാത്രമല്ല, വഴി വിട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല  എന്നും പറഞ്ഞിരുന്നു എന്നാണ് മനസിലാകുന്നത്. 

2023 സെപ്റ്റംബര്‍ മാസത്തിലാണ് ഇവര്‍ തമ്മിലുള്ള പാട്ടക്കരാര്‍ ഒപ്പുവെയ്ക്കുന്നത്. അതിലൊരു വ്യവസ്ഥയുള്ളത്, എപ്പോഴാണോ നിര്‍മാണം ആരംഭിക്കുന്നത് അപ്പോള്‍ മാത്രം ഈ തുക പ്രശാന്തന്‍ പള്ളിക്ക് കൊടുത്താല്‍ മതിയെന്നാണ്. ഇതുവരെ നിര്‍മാണം തുടങ്ങാത്തതിനാല്‍ ഒരു രൂപ പോലും പള്ളിക്ക് ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നിര്‍മാണം വൈകുന്നതെന്ന് ചോദിച്ചിരുന്നതായും പുരോഹിതന്‍ പറയുന്നുണ്ട്. 

click me!