എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദി്വയ കോടതിയിൽ സമ്മതിച്ചിരുന്നു.
ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു. അതേസമയം, പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചു. കുറച്ച് ദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്. മനഃപൂർവം അല്ലാത്ത നിർഭാഗ്യകരമായ സംഭവമാണ്. അപാകതകൾ ഉണ്ടായി എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തത്. ദിവ്യയ്ക്ക് നീതി ലഭിക്കണമെന്ന് പി കെ ശ്രീമതി പറഞ്ഞു.