കേരളത്തില്‍ കനത്ത ജാഗ്രത; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യത

By Web Team  |  First Published Jul 23, 2020, 6:20 AM IST

കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവയിലും ഏഴ് സമീപ പഞ്ചായത്തുകളിലും കർഫ്യൂ നിലവിൽ വന്നു. മേഖലയിൽ പടരുന്ന വൈറസ് കൂടുതൽ പ്രഹര ശേഷിയുള്ളതാണെന്ന നിഗമനത്തെ തുടർന്നാണ് കടുത്ത നിയന്ത്രണം. 


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചത്. 1038 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിലവിൽ ആകെ 397 ഹോട്സ്പോട്ടുകൾ സംസ്ഥാനത്തുള്ളത്.

പുതുതായി മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധ. ഇവിടെ നേരത്തെ രണ്ട് ഡോക്ടർമാർക്കും ഒരു നഴ്സിനും രോഗം ബാധിച്ചിരുന്നു. അൻപത് ആരോഗ്യപ്രവ‍ർത്തകർ പരിയാരത്ത് നിരീക്ഷണത്തിലാണ്. കൂടുതൽ പേരുടെ പരിശോധന ഫലം വരുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ക്ലസ്റ്റർ ആകുമോ എന്ന ആശങ്ക ആരോഗ്യപ്രവ‍ർത്തകർക്കുണ്ട്. സമ്പർക്ക ഭീതി നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് അ‌ഞ്ചുവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Latest Videos

undefined

അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവയിലും ഏഴ് സമീപ പഞ്ചായത്തുകളിലും കർഫ്യൂ നിലവിൽ വന്നു. അർധരാത്രി മുതലാണ് ആലുവ നഗരസഭ പരിധിയിലും കീഴ്മാട്, ചൂർണ്ണിക്കര, എടത്തല, ചെങ്ങമനാട്, കരമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് കർഫ്യൂ ഏർപ്പെടുത്തിയത്. ആലുവ മേഖലയിൽ പടരുന്ന വൈറസ് കൂടുതൽ പ്രഹര ശേഷിയുള്ളതാണെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം. ആലുവ ക്ലസ്റ്ററിൽ ഇന്നലെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

click me!