പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പീഡന പരാതി നൽകിയെന്ന് പൊന്നാനിയിലെ വീട്ടമ്മ

By Web TeamFirst Published Sep 6, 2024, 9:59 PM IST
Highlights

ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ചു. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ പക പോക്കലാണ് പരാതിയെന്ന് ഡിവൈഎസ് പി ബെന്നി പ്രതികരിച്ചു

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയതായി പൊന്നാനിയിലെ വീട്ടമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയതെന്നും പൊന്നാനി പൊലീസ് സ്റ്റേഷനിൽ നാളെ പരാതി നൽകുമെന്നും വീട്ടമ്മ വ്യക്തമാക്കി. മലപ്പുറം എസ്‌പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാത്സംഗം ചെയ്തെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. ഡിവൈഎസ്‌പി ബെന്നി അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ട്.

കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷമാണ്  തന്നെ ഇരയാക്കിയതെന്ന് വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പൊന്നാനി സിഐ  വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചുവെന്നും ഇതേക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ മലപ്പുറം എസ്‌പി സുജിത് ദാസ് രണ്ട് തവണ പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഡിവൈഎസ്‌പി ബെന്നി മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചിരുന്നു.

Latest Videos

ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം തേടിയ ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് സിഐ വിനോദ് വ്യക്തമാക്കി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ പക പോക്കലാണ് പരാതിയെന്ന്  ഡിവൈഎസ് പി ബെന്നി പ്രതികരിച്ചു. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് വീട്ടമ്മ പറഞ്ഞു. സിഐക്കെതിരെ വീട്ടമ്മയുടെ ആരോപണം നേരത്തെ വകുപ്പ് തലത്തിൽ പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എസ്‌പിയെ അടക്കം ഉൾപ്പെടുത്തിയുള്ള ആരോപണത്തിൽ പരിശോധന നടന്നിട്ടില്ല.

click me!