പൊലീസ് വാതിലിൽ മുട്ടിയപ്പോൾ മുറി തുറക്കാത്തതിനെ കുറിച്ച് സിപിഎം നേതാവ് എ.എ റഹീം നടത്തിയ പരാമർശങ്ങൾക്കെതിരെയും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.
പാലക്കാട്: കഴിഞ്ഞ ദിവസം രാത്രി പാലക്കാട് നടത്തിയ പരിശോധന തങ്ങളെ രണ്ട് പേരെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. "ഒരേ സമയം സ്ത്രീപ്രശ്നവും രാഷ്ട്രീയ പ്രശ്നവുമാണെന്നും ആർക്കെതിരെയും പൊലീസിനെ ആയുധമാക്കി നീക്കം നടത്താമെന്ന അവസ്ഥയാണ് എല്ലാം കഴിഞ്ഞ് പുതിയ കഥകളുണ്ടാക്കുകയാണെന്നും" ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"വനിതാ പൊലീസിനെ താൻ മർദിച്ചു എന്നാണ് എല്ലാം കഴിഞ്ഞ് പറയുന്നത്. ഇപ്പോൾ പുതിയ കഥയുണ്ടാക്കി. വാതിൽ തുറക്കാൻ വൈകിയ 10 മിനിറ്റ് കൊണ്ട് താൻ കള്ളപ്പണം അപ്രത്യക്ഷമാക്കിയെന്നാണ് പറയുന്നത്. പത്തിരുപത് സാരിയൊക്കെ എങ്ങനെ ഇവിടെ കൊണ്ടുവന്നു എന്ന് ഒരു പൊലീസുകാരൻ ചോദിച്ചു. കാളവണ്ടിയിലാണ് കൊണ്ടുവന്നതെന്ന് താൻ മറുപടി പറഞ്ഞു. മുറിയിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോയി എന്ന് പറയുന്നു. എന്ത് കൊണ്ടുപോയെന്നാണ് ഈ പറയുന്നതെന്നും" ഷാനിമോൾ ഉസ്മാൻ ചോദിച്ചു.
പൊലീസ് വാതിലിൽ മുട്ടിയപ്പോൾ മുറി തുറക്കാത്തതിനെ കുറിച്ച് സിപിഎം നേതാവ് എ.എ റഹീം നടത്തിയ പരാമർശങ്ങൾക്കെതിരെയും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. "റഹീമിന്റെ സംസ്കാരമല്ല എനിക്ക്. താൻ ആളുകൾക്ക് മുന്നിൽ വരുമ്പോൾ ഏത് വസ്ത്രം ധരിക്കണം എന്നൊക്കെ തന്റെ തീരുമാനമാണ്. റഹീമിന്റെ വീട്ടിൽ ചിലപ്പോൾ മുട്ടിയാൽ അപ്പോൾ വാതിൽ തുറക്കുമായിരിക്കും. ഇവിടെ അങ്ങനെയല്ലെന്ന് എന്ന് മാത്രമാണ് മിതമായ ഭാഷയിൽ പറയാനുള്ളതെന്നും" ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഹോട്ടലിൽ നിന്ന് പെട്ടി കൊണ്ടുപോയത് കണ്ടു എന്നൊക്കെയാണ് പറയുന്നത്. സിസിടിവി ഉള്ള ഹോട്ടലാണല്ലോ, അതൊക്കെ പരിശോധിച്ചാൽ കാര്യങ്ങളെല്ലാം അറിയാമല്ലോ എന്നും ഷാനിമോൾ ഇസ്മാൻ പറഞ്ഞു
ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. "42 മുറികളുണ്ട് ഈ ഹോട്ടലിൽ. താഴത്തെ നിലയിൽ ആദ്യം ഷാനിമോളുടെ മുറിയുടെ വാതിലിൽ മുട്ടി. പിന്നീട് നേരെ മൂന്നാം നിലയിലേക്ക് വന്ന് തന്റെ മുറിയിൽ കയറി. എങ്ങനെ ഇത്രയും ഡിവൈഎഫ്ഐക്കാരും യുവമോർച്ചക്കാരും അവിടെയെത്തിയെന്നും" ബിന്ദു കൃഷ്ണ ചോദിച്ചു. പരിശോധന നടന്നതിന്റെ തൊട്ടടുത്ത നിമിഷം ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞത് തങ്ങൾ പരാതി നൽകിയെന്നാണ്. പൊലീസ് പറയുന്നു പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന്. ഇതിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം