Ragging| കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ അറസ്റ്റില്‍

By Web Team  |  First Published Nov 9, 2021, 9:00 AM IST

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. 


കണ്ണൂര്‍: കണ്ണൂരിലെ നെഹർ കോളേജിൽ (naher college) വിദ്യാര്‍ത്ഥി പി അൻഷാദിനെ (p anshad) മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേര്‍ അറസ്റ്റില്‍. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം.

മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ആന്റി റാഗിംഗ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നെഹർ കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

Latest Videos

undefined

 

click me!