Latest Videos

പണി ഉറപ്പ്, ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലെ വ്യാജ വാര്‍ത്തകളില്‍ നടപടി; കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 28, 2024, 7:41 PM IST
Highlights

ഐ ടി നിയമം 43, 66 പ്രകാരവും കേരള പൊലീസ് ആക്ട് 120 പ്രകാരവുമാണ് കേസെടുത്തത്

തിരുവനന്തപുരം: ലോഗോയടക്കം ദുരുപയോഗം ചെയ്തുകൊണ്ട് ഏഷ്യനെറ്റ് ന്യൂസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെടുത്ത് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ മുരളീധരന്‍ എ കെ നല്‍കിയ പരാതികളിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഐ ടി നിയമം 43, 66 പ്രകാരവും കേരള പൊലീസ് ആക്ട് 120 പ്രകാരവുമാണ് കേസെടുത്തത്. പരാതികളില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി മന്ത്രി എം ബി രാജേഷ് ഇന്ന് നിയമസഭയില്‍ അറിയിച്ചു.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും പേരും ദുരുപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നതാണ് പരാതി. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്ത് വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും വാട്ട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.

പ്രധാനമായും മൂന്ന് വ്യാജ വാര്‍ത്തകളിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലായിരുന്നു ഇതിലൊരു വ്യാജവാര്‍ത്ത. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ, 'മോദി തന്നെ മൂന്നാമതും, ആശംസയുമായി പിണറായി വിജയന്‍' എന്ന് എഴുതിയ  വ്യാജ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന 'കാഫിര്‍ പ്രയോഗ വിവാദത്തിലാണ് മറ്റൊരു വ്യാജകാര്‍ഡ് ഇറങ്ങിയത്. ഇത് സംബന്ധിച്ച് തന്റെ മകനൊരു തെറ്റ് സംഭവിച്ചെന്നും അതിന്റെ പേരില്‍ മകനെ കുരുക്കിലാക്കരുതെന്നും സി പി എം നേതാവ് കെ കെ ലതിക പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ കാര്‍ഡില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ പേരിലാണ് അടുത്ത കാര്‍ഡ് ഇറങ്ങിയത്. തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, സി പി എം പ്രവര്‍ത്തകരോട് തീരാത്ത കടപ്പാടെന്ന് സുരേഷ് ഗോപി പറഞ്ഞതായുള്ള വ്യാജ കാര്‍ഡാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഈ മൂന്ന് വ്യാജ വാര്‍ത്തകളും ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതികളിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസ് എടുത്തത്.

ഏഷ്യനെറ്റ് ന്യൂസ് ലോഗോയടക്കം ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്തകളില്‍ പൊലീസ് കേസെടുത്ത വിവരം മന്ത്രി എം ബി രാജേഷ് ഇന്ന് നിയമസഭയെയും അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച് നിയമസഭയിലുയര്‍ന്ന ചര്‍ച്ചക്ക് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള മറുപടിയിലാണ് മന്ത്രി രാജേഷ് ഇക്കാര്യം വിശദീകരിച്ചത്.

വ്യാജ കാർഡുകൾ സംബന്ധിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫാക്ട് ചെക്ക് പരിശോധനയുടെ വാർത്തകൾ ചുവടെ

വടകരയിലെ കാഫിർ പ്രയോഗം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം

മോദിയെ പുകഴ്‌ത്തിയും അഭിനന്ദിച്ചും പിണറായിയോ? ന്യൂസ് കാര്‍ഡ് വ്യാജം

'സിപിഎം പ്രവര്‍ത്തകരോട് തീരാത്ത കടപ്പാടെന്ന് സുരേഷ് ഗോപി'; ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിൽ വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!