നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ സ്ഥലമുടമയും പരാതിക്കാരിയുമായ വസന്തയെ പൊലീസ് വീട്ടിൽ നിന്നും മാറ്റി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കൽ നടപടികൾക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പൊലീസ് വീട്ടിൽ നിന്നും മാറ്റി. ഹൈക്കോടതി വിധി വരാൻ പോലും കാത്തുനിൽക്കാതെ വീടൊഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ ആരോപിച്ചിരുന്നു.
കുട്ടികളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് പൊലീസ് എത്തി വസന്തയെ വീട്ടിൽ നിന്നും കൊണ്ടു പോയത്.
undefined
വസന്തയുടെ പുരയിടത്തിലെ അതിരിനോട് ചേർന്നാണ് രാജനും കുടുംബവും താമസിക്കുന്ന മൂന്ന് സെൻ്റ ഭൂമി.ദമ്പതികളുടെ മരണത്തിന് ശേഷം നിരവധി പേരാണ് ഈ വീട്ടിലേക്ക് വരുന്നത്. സംഭവത്തിൽ പൊലീസിനും പരാതിക്കാരിയായ വസന്തയ്ക്കുമെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയെ കരുതിയാണ് വീട്ടിൽ നിന്നും മാറ്റുന്നതെന്ന് പൊലീസ് അറിയിച്ചു.
വസന്തയുടെ വീടിന് മുൻപിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസിൽ നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കൾക്ക് നൽകുമെന്നും ആദ്യം മാധ്യമങ്ങളോട് പറഞ്ഞ വസന്ത കേസുമായി മുന്നോട്ട് പോകുമെന്ന് നിലപാട് മാറ്റിയിരുന്നു. ഗുണ്ടായിസം കാണിച്ചവർക്ക് സ്ഥലം നൽകില്ലെന്നാണ് ഇന്ന് അവർ പറഞ്ഞത്.