വയനാട് ദുരന്തം: സംസ്ഥാന സർക്കാർ കഴിവും ത്രാണിയുമില്ലാത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേന്ദ്രത്തിനും വിമർശനം

By Web Team  |  First Published Nov 14, 2024, 5:33 PM IST

സംസ്ഥാന സർക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി


പാലക്കാട്: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങൾക്കാണ്. കേന്ദ്രത്തിൻ്റെ ഭൂപടത്തിൽ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തിൽ അവരും ഉണ്ടാവാൻ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാനുള്ള വഴി നോക്കി നടക്കുകയായിരുന്നു. ഇത്രേം സമയമായിട്ടും സഹായം എത്തിച്ചിട്ടില്ല. സഹായം നേടിയെടുക്കാൻ ഉമ്മൻ ചാണ്ടി ഗവണ്മെന്റിനുണ്ടായിരുന്ന ഉത്സാഹം ഈ സർക്കാരിനില്ല. സംസ്ഥാന സർക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Latest Videos

undefined

കോൺഗ്രസും ലീഗും നൂറുകണക്കിന് വീടുകൾ വയനാട്ടിൽ നിർമിച്ചു നൽകാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരുകൾ പരാജയപ്പെട്ട സ്ഥലത്ത് സംഘടനകൾ സഹായിക്കാൻ മുന്നോട്ട് വരുന്ന സ്ഥിതിയാണ് വയനാട്ടിലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എല്ലായിടത്തും യുഡിഎഫിന് വിജയപ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ പ്രിയങ്കയ്ക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. ആര് വോട്ട് ചെയ്യാതിരുന്നാലും ശതമാനം കുറയും. പാലക്കാട്‌ 15,000 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് കിട്ടും. പാലക്കാട്‌ യുഡിഎഫും ബിജെപിയുമായാണ് മത്സരം. ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് നിന്ന് വീണ്ടും താഴേക്ക് പോകും. ഇ പി ജയരാജൻ ആത്മകഥ എഴുതാതെ ആകാശത്തു നിന്ന് പൊട്ടിവീഴില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. എല്ലാം ജനങ്ങൾക്ക് മനസിലായി. സരിൻ ഊതിക്കാച്ചിയെ പൊന്ന് എന്ന ഇ. പി യുടെ പരാമർശത്തിലും പരിഹാസമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇ പി ജയരാജൻ പാലക്കാട് വന്നാൽ കിട്ടാനുള്ള നാല് വോട്ട് കൂടി ഇടത് സ്ഥാനാർത്ഥിക്ക് കുറയും. 

ഞങ്ങളൊക്കെ വഖഫ് മന്ത്രിമാർ ആയിട്ടുണ്ടെന്നും അന്നൊന്നും മുനമ്പം പ്രശ്നം ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയും കേരള സർക്കാരും കൂടി കളിക്കുകയാണെന്നും മുനമ്പത്തുകാർക്ക് ഭൂമി നൽകണം എന്നൊന്നുമല്ല ബിജെപിക്ക് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

click me!