പിണറായി പൊലീസ് എന്റെ മൈക്ക് സെറ്റ് നശിപ്പിച്ചു, ഒപ്പറേറ്ററെ തല്ലിച്ചതച്ചു; ഗ്രനേഡ് എറിഞ്ഞു: സൗണ്ട്സ് ഉടമ

By Web TeamFirst Published Dec 23, 2023, 6:58 PM IST
Highlights

ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിന്റെ ആരോപണം. ഇതുകൊണ്ടൊന്നും തളരില്ലെന്നും കോൺഗ്രസ് പരിപാടികൾക്കെല്ലാം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
 

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ മാര്‍ച്ചിന് പൊതുയോഗത്തിനും ഇടയിൽ തന്നെ മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങൾ പൊലീസ് നശിപ്പിച്ചതായി ആരോപണം. മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചുവെന്നും ഗ്രനേഡ് എറിഞ്ഞുവെന്നും എസ് വി സൗണ്ട്സ് ഉടമ എസ് രഞ്ജിത്ത് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിന്റെ ആരോപണം. ഇതുകൊണ്ടൊന്നും തളരില്ലെന്നും കോൺഗ്രസ് പരിപാടികൾക്കെല്ലാം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

'ഇന്ന് ഡിജിപി ഓഫീസിന് മുമ്പിലെ പെതുയോഗത്തിൽ പിണറായിയുടെ പൊലീസ് എന്റെ മൈക്ക് സെറ്റ് ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. എന്റെ മൈക്ക് ഒപ്പറേറ്ററെ തല്ലിച്ചതച്ചു, ഗ്രനേഡ് എറിഞ്ഞു, ഉപകരണങ്ങളിലെല്ലാം ജലപീരങ്കി അടിച്ചു നശിപ്പിച്ചു. തളരില്ല നമ്മളുടെ സ്ഥാപനം. തിരുവനന്തപുരത്ത് യുഡിഎഫിന്റെയും, കോൺഗ്രസിന്റെയും എല്ലാ സമര പരിപാടികൾക്കും ഞാനും എന്റെ പ്രവർത്തകരും എന്നും കൂടെ ഉണ്ടാകും.'- എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

Latest Videos

അതേസമയം,ജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച്  കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം നടക്കും. യൂത്ത് കോൺഗ്രസ് മാര്‍ച്ചിലും കെഎസ്‌യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരൻ പ്രസംഗം ആരംഭിച്ചപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പ്രസംഗത്തിനിടെ ഒരു വശത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിൽ കയറിയതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. 

പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് ഒരു കണ്ണീര്‍ വാതക ഷെല്ല് വീണത്. ഇതാണ് നേതാക്കൾക്കാകെ അസ്വാസ്ഥ്യം നേരിടാൻ കാരണം. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോയി. ഇവിടെ റോഡ് ഉപരോധിച്ചത് വലിയ ഗതാഗത തടസം ഉണ്ടാകാൻ കാരണമായി. കെപിസിസിയിലെ നേതാക്കൾ യോഗം ചേര്‍ന്നാണ് പിന്നീട് പ്രതിഷേധം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. 

നേതാക്കൾക്കെതിരെ ഗ്രനേഡ് എറിഞ്ഞത് എന്തിന്? സംസ്ഥാനത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി: കെസി വേണുഗോപാൽ

പൊലീസിലെ ഗുണ്ടകൾ അക്രമം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിമര്‍ശിച്ചു. കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശിച്ചു. പോലീസ് നടപടി അസാധാരണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മോദി മാതൃകയിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് പറഞ്ഞു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

click me!