യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ നടപടിയുമായി സർക്കാർ; ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Dec 7, 2023, 12:21 PM IST
Highlights

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടർ റുവൈസിനെ  സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. 

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടർ റുവൈസിനെ  സസ്‌പെന്‍ഡ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിൽ പിജി ഡോക്ടറായ ഷഹ്ന ജീവനൊടുക്കിയത്. കേസിൽ മെഡി. കോളേജ് പൊലീസ് ഡോക്ടർ റുവൈസിനെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Latest Videos

റുവൈസിനെതിരെ  സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഷഹ്നയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ റുവൈസിനെ കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് പിടിയിലാകുന്നത്.  മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ പൊലീസ് പിടികൂടുന്നത്.   തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
 
'അവരുടെ സ്ത്രീധന മോഹം മൂലം തന്റെ ജീവിതം അവസാനിക്കുന്നുവെന്ന' ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ്   റുവൈസിന് കുടുക്കാകും,  റുവൈസിന്‍റെ പേര് കുറിപ്പിലില്ലെങ്കിലും സാഹചര്യതെളിവുകൾ പ്രതിക്കെതിരാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 'അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്‍റെ സഹോദരിക്ക് വേണ്ടിയാണോ' എന്നായിരുന്നു ഷഹ്നയുടെ കുറിപ്പ്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Read More : 'സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ'; ഡോ. റുവൈസ് ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ

click me!