ഒറ്റപ്പാലം വാണിവിലാസിനിയിൽ പെട്രോൾ ബോംബെറിഞ്ഞ് തൊഴിലാളികളെ പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പാലക്കാട്: ഒറ്റപ്പാലം വാണിവിലാസിനിയിൽ പെട്രോൾ ബോംബെറിഞ്ഞ് തൊഴിലാളികളെ പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചുനങ്ങാട് മനയങ്കത്ത് നീരജിനെയാണ് റെയിൽവേ സ്റ്റേഷന് സമീപവും സംഭവം നടന്ന വീട്ടിലുമെത്തിച്ച് പോലീസ് തെളിവെടുത്തത്.
തൊഴിലാളികളെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് കുപ്പിയിൽ പെട്രോൾ നിറച്ച് ഇത് കത്തിച്ചാണ് വീടിൻ്റെ പൂമുഖത്തേക്ക് എറിഞ്ഞതെന്ന് നീരജ് പോലീസിനോട് വിശദീകരിച്ചു. തുടർന്ന് സ്ഥലത്ത് തന്നെ നിന്ന നീരജിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറി പോയ നീരജ് പോകുന്ന വഴി പഞ്ചായത്ത് കിണറിന് സമീപം ഉപേക്ഷിച്ച കത്തി ഇവിടെ നിന്ന് കണ്ടെടുത്തു.
താൻ തന്നെയാണ് കത്തി നിർമിച്ചതെന്നും നീരജ് പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്കും തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെയാണ് സംഭവം നടന്നത്. പൂമുഖത്ത് ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശി വിഷ്ണു(27), ബാലുശ്ശേരി സ്വദേശി പ്രിയേഷ്(32) എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ നീരജ് കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയും ഇവിടെ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.