പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചേക്കും

By Web TeamFirst Published Jan 31, 2024, 6:31 AM IST
Highlights

മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും.

ദില്ലി: പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോര്‍ജിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്‍റെ ലക്ഷ്യം. പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍  ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

Latest Videos

കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഘടകകക്ഷിയായി ജോര്‍ജിനെ മുന്നണിയിലെടുക്കരുത് എന്ന് കട്ടായം പറഞ്ഞു. ഇതോടെ പാര്‍ട്ടി അംഗത്വം എടുത്താല്‍  സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായി. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയിലെ  സഹപ്രവര്‍ത്തകരൊന്നാകെ ബിജെപിയിലെത്തും. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത.

click me!