കെഎസ്ആർടിസി ബസ് അപകടകരമായി ഓടിച്ചു; ചോദ്യം ചെയ്ത യാത്രക്കാരനെ മർദ്ദിച്ച് ഇറക്കിവിട്ടെന്ന് പരാതി

By Web Team  |  First Published Oct 20, 2024, 9:35 AM IST

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത കെഎസ്ആർടിസി ബസിലെ യാത്രക്കാരനെ മർദ്ദിച്ച് ഇറക്കിവിട്ടു


മലപ്പുറം: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആ‍ർടിസി ഡ്രൈവർ മർദ്ദിക്കുകയും പെരുവഴിയിൽ ഇറക്കിവിട്ടെന്നും പരാതി. പത്തനംതിട്ടയിൽ നിന്ന് വയനാട്ടിലേക്ക് പോയ കെഎസ്ആർടിസി ബസ് മലപ്പുറം പെരിന്തൽമണ്ണയിൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് ബസ് അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ബസ് ഡ്രൈവറുടെ സുഹൃത്തും ഇതേ ബസിലെ യാത്രക്കാരനുമായ മറ്റൊരു കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് യാത്രക്കാരനെ മർദ്ദിച്ചത്. ഇയാളുടെ ബാഗിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും വിവരമുണ്ട്. മോശം ഡ്രൈവിംഗ് കാരണം തലയും മറ്റും ബസിൽ ഇടിച്ചതോടെയാണ് യാത്രക്കാരൻ ചോദ്യം ചെയ്തത്. ഇയാളെ മർദ്ദിച്ച് ഇറക്കിവിട്ട ശേഷവും മോശം ഡ്രൈവിങ് തുടർന്നു. അപ്പോഴും യാത്രക്കാർ പരാതി ഉന്നയിച്ചു. ഡ്രൈവർ തെറിവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി യാത്രക്കാർ ആരോപിച്ചു. 

പിന്നീട് യാത്രക്കാർ തന്നെ പോലീസിൽ അറിയിക്കുകയും അരീക്കോട് സ്റ്റേഷനിൽ വണ്ടി പിടിച്ചിടികയും ചെയ്തു. ബസിലെ യാത്രക്കാർക്ക് ഒരുമണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടി വന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ പൊലീസ് പരിശോധനക്ക് ശേഷം ഇതേ ബസിൽ യാത്രക്കാർ യാത്ര തുടർന്നു.

click me!