ചെറുപ്പക്കാർ തന്നെ വേണമെന്നില്ല, യുഡിഎഫിന് വേണ്ടത് പാലക്കാടിൻ്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ് വിജയരാഘവൻ

By Web TeamFirst Published Oct 11, 2024, 8:44 AM IST
Highlights

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോളെ സിപിഎം സ്ഥാനാർത്ഥിയാക്കിയേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. 

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടത് പാലക്കാടിൻ്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥിയെയാണെന്ന് മുതിർന്ന കോൺഗ്രസ്  നേതാവും മുൻ എം.പിയുമായ വി.എസ് വിജയരാഘവൻ. സ്ഥാനാർത്ഥിയായി ചെറുപ്പക്കാർ തന്നെ വേണമെന്നില്ല. മനസ് കൊണ്ടും പ്രവർത്തി കൊണ്ടും ചെറുപ്പമായവരാണ് മത്സരിക്കേണ്ടതെന്നും യുഡിഎഫിന് പാലക്കാട് മികച്ച വിജയം ഉറപ്പാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോളെ സിപിഎം സ്ഥാനാർത്ഥിയാക്കിയേക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂടിയാലോചനകൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിരുന്നു. സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ൻ്റ് വി. വസീഫിന്റെ പേര് ഉയർന്നുവന്നിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് മുൻഗണന ലഭിക്കുകയായിരുന്നു. 

Latest Videos

സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ബിനുമോൾ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. ബിനു മോളെ സ്ഥാനാർത്ഥിയാക്കാനുള്ള ജില്ലാ ഘടകത്തിന്റെ നിർദ്ദേശം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാത്തതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധ്യതയില്ല. 

അതേസമയം, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും തിരക്കിട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിന് പിന്നാലെ ന​ഗരത്തിൽ പലയിടത്തും ശോഭയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. 

READ MORE: എം.എം മണിയുടെ ഗൺമാൻ്റെ വീട്ടിലെ സ്റ്റോ‍ർ റൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

click me!