ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം; സരിനോട് ശബരീനാഥൻ

By Web TeamFirst Published Oct 17, 2024, 7:09 PM IST
Highlights

'സരിൻ, താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ  കോലാഹലങ്ങൾ  കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി'. 

തിരുവനന്തപുരം: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ മുൻ  കൺവീനര്‍ ഡോ. പി സരിനെതിരെ കോൺഗ്രസ് നേതാവ് കെഎസ് ശബീനാഥൻ. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന ശബരീനാഥൻ വിമർശിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ താൻ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ശബരീനാഥൻ രംഗത്തെത്തിയത്.

ഫേസ്ബുക്കിലൂടെയാണ് ശബരീനാഥൻ മുൻ സഹപ്രവർത്തകനെ വിമർശിച്ചത്. 'സരിൻ, താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ  കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും'- ശബീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

Latest Videos

പാലക്കാട് ബൈ ഇലക്ഷനിൽ സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ മങ്കൂട്ടത്തിലിനെ നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ഡോ. പി സരിൻ പാർട്ടിക്കെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് സരിൻ വാർത്താ സമ്മേളനം നടത്തിയിരുന്നു.   പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസം ആണെന്നായിരുന്നു രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തോട് സരിൻറെ പ്രതികരണം. ഷാഫി പറമ്പിലിന് മുന്നിൽ കോൺഗ്രസ് നേതൃത്വം കീഴടങ്ങിയെന്ന് പി സരിൻ വിമർശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പിന്തുടര്‍ച്ചാവകാശം പോലെയാണ്. സ്ഥാനാര്‍ത്ഥി രാഹുല്‍ അല്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഷാഫി ഭീഷണി മുഴക്കിയിരുന്നു. ഷാഫിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങുകയായിരുന്നുവെന്ന് സരിന്‍ കൂട്ടിച്ചേര്‍ത്തു.

Read More :  ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്, 3 മുൻ മന്ത്രിമാർക്കെതിരെയും വാറണ്ട്

click me!