പാലക്കാട് സിപിഎമ്മിന്റെ അടവ് നീക്കം? സരിന്റെ അതൃപ്തി മുതലാക്കാൻ നീക്കം, അനുനയിപ്പിക്കാന്‍ കെപിസിസി

By Web TeamFirst Published Oct 16, 2024, 10:04 AM IST
Highlights

പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഇടഞ്ഞ് നില്‍ക്കുന്ന ഡോ. സരിന്റെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടവ് നീക്കം. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഇടഞ്ഞ് നില്‍ക്കുന്ന ഡോ. സരിന്റെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. പ്രാദേശിക നേതൃത്വം സരിനുമായി ആശയ വിനിമയം നടത്തുന്നു എന്നാന്ന് സൂചന. കോൺഗ്രസ് നേതൃത്വവും സരിനുമായി ചർച്ച നടത്തുന്നുണ്ട്. സരിനെ അനുനയിപ്പിക്കാനാണ് കെപിസിസി നീക്കം.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ കടുത്ത അതൃപ്തിയിലാണ്. ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് സരിൻ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് നേതാക്കളെല്ലാം ഫേസ്ബുക്കിൽ  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പടം പങ്കുവെച്ചപ്പോള്‍ സരിൻ ഒരു പോസ്റ്ററും ഇതുവരെ പങ്കുവച്ചിട്ടില്ല. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിൻ പ്രതികരിച്ചത്.

Latest Videos

അതേസമയം, പി സരിൻ കോൺഗ്രസ്‌ വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചത്. വിജയിക്കാൻ സാധ്യതയുള്ള സീറ്റിന് ആഗ്രഹം പലർക്കും ഉണ്ടാകും. പക്ഷെ പാർട്ടിയാണ് തീരുമാനം എടുക്കുന്നത്. പുറമെ നിന്ന് ആളുകൾ വരുന്നതിൽ തെറ്റില്ല. റിബൽ മുൻപും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയുമെന്ന്  വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. സരിന്‍റെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരിക്കാമെന്നാണ് എ കെ ബാലന്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!