അമ്പലത്തിൽ വേണ്ടാ, വയോജന മന്ദിരത്തിലെ അമ്മമാരുടെ സാന്നിധ്യത്തിൽ വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹവേദിയായി വയോജനമന്ദിരം തിരഞ്ഞെടുക്കാൻ കാരണം.
തവനൂർ: ആർഭാടങ്ങളില്ലാതെ വയോജനമന്ദിരത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ അമ്മമാരെ സാക്ഷിയാക്കി മുൻ സ്‌പീക്കറും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള മലപ്പുറം തവനൂരിലെ മന്ദിരത്തിൽവെച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം പിടിപി നഗറിൽ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.
വിവാഹവേദിയിൽവെച്ച് സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് ആറുപവൻ സ്വർണാഭരണങ്ങൾ ശ്രീരാമകൃഷ്ണൻ സംഭാവനചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭരണങ്ങൾ ഏറ്റുവാങ്ങി. എല്ലാ വിശേഷദിവസങ്ങളും ശ്രീരാമകൃഷ്ണനും കുടുംബവും വയോധികർക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്.
അമ്പലത്തിൽ വേണ്ടാ, വയോജന മന്ദിരത്തിലെ അമ്മമാരുടെ സാന്നിധ്യത്തിൽ വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹവേദിയായി വയോജനമന്ദിരം തിരഞ്ഞെടുക്കാൻ കാരണം. വിവാഹത്തോടനുബന്ധിച്ച് ഇവിടത്തെ താമസക്കാർക്കെല്ലാം പുതുവസ്ത്രങ്ങളും നൽകി.ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വേദിയിൽ വധൂവരൻമാർക്ക് വരണമാല്യം എടുത്തുകൊടുത്തത്. മന്ത്രി വി. അബ്ദുറഹ്‌മാൻ, എംഎൽഎമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പി. മമ്മിക്കുട്ടി, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഐ.ജി. പി. വിജയൻ, വി.കെ. ശ്രീരാമൻ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തിലാണ് അതിഥികൾക്ക് സത്കാരമൊരുക്കിയത്.