ഓറഞ്ച് അലർട്ട് പിൻവലിച്ചു, രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്; ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്

By Web TeamFirst Published Oct 16, 2024, 3:02 PM IST
Highlights

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ അറിയിപ്പ് പ്രകാരം ഇന്ന് 12 ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്. അതോടൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ചു. 

Latest Videos

അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും  കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രതാ നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുലാമഴയിങ്ങെത്തി, ഇന്ത്യയുടെ തെക്കന്‍ തീരങ്ങളിൽ മഴ കനക്കും; അവധി, ജാഗ്രതാ നിർദേശങ്ങൾ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!