ഡിഎ കുടിശ്ശിക; പ്രതിപക്ഷ സംഘടനാ ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കി, സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

By Web TeamFirst Published Jan 24, 2024, 11:12 AM IST
Highlights

ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകളും ജീവനക്കാരും സംസ്ഥാന വ്യാപകമായി പണിമുടക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവരും ജോലിക്കെത്തിയ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ക്ഷാമബത്തയും ശമ്പളകുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സെക്രട്ടറിയേറ്റ് അനക്സ് വണ്ണിന് മുന്നിലായിരുന്നു രാവിലെ സംഘർഷമുണ്ടായത്. പണിമുടക്കിയ പ്രതിപക്ഷ സംഘടനാ അംഗങ്ങൾ ഗേറ്റിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേൽൻ എക്സിക്യുട്ടീവ് അംഗം പ്രേമാനന്ദനും ഭാര്യയും ഇരുചക്രവാഹനത്തിൽ അകത്തേക്ക് ജോലിക്കായെത്തി. സമരക്കാർ വാഹനം തടഞ്ഞെന്നാണ് ഇടത് സംഘടനകളുടെ ആരോപണം.

എന്നാൽ,  പ്രകോപനം ഉണ്ടാക്കാനായി സമരക്കാർക്കിടയിലൂടെ വാഹനം ഓടിച്ചെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആക്ഷേപം. പഞ്ച് ചെയ്ത് ജോലിക്ക് കയറിയ ഇടത് സംഘടനാ നേതാക്കളും പ്രവർത്തകരും  ഓഫീസിലേക്ക് പോയ പ്രേമാനന്ദനൊപ്പം ഗേറ്റിലേക്ക് വന്നു സമരക്കാരുമായി ആദ്യം വാക് തർക്കം നടത്തി. പിന്നെ ഉന്തും തള്ളും കയ്യാങ്കളിയുമായി. പൊലീസ് എത്തിയാണ് അനുനയിച്ചിപ്പച്ചത്.അതേസമയം, പണിമുടക്ക് ദിവസം സെക്രട്ടറിയേറ്റിൽ 4200 ജീവക്കാരിൽ 3675 പേർ ജോലിക്കെത്തി. സമരം പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഒരു വിഭാഗം ജോലിക്കെത്തി എസ്എംവി സ്കൂളിന് മുന്നിൽ പുറത്തുനിന്നും വന്ന സമരക്കാരും ജോലിക്കെത്തിയ അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി.യുഡിഎഫ് സംഘടനകൾക്കൊപ്പം ബിജെപി അൻുകൂല സംഘടനകളും പണിമുടക്കി.

Latest Videos

പണിമുടക്കിയവർ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. വിവിധ ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാർച്ചും നടത്തി. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.

ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വ്വീസിലെ അപാകങ്ങളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പണിമുടക്കി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്. 

സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി കായിക മന്ത്രി, 'ഏജന്‍സികളെ മാറ്റി സർക്കാർ ഏറ്റെടുക്കും'

click me!