എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടണ്ട്. പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്.
എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടണ്ട്. പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പാലിക്കണം. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് കേരളത്തിൽ മത്സരം നടക്കുന്നതെന്ന് സതീശൻ രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു തവണ തിരുവനന്തപുരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അല്ലാതെ ഇ.പി ജയരാജൻ പറയുന്നത് പോലെ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരില്ല. അങ്ങനെ രണ്ടാം സ്ഥാനത്ത് വന്നാൽ സി.പി.എം മൂന്നാം സ്ഥനത്താകും. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമുണ്ടാകും. കോൺഗ്രസിന്റെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും ടീം വർക്കിന്റെ വിജയമായിരിക്കും. പരാജയം ഉണ്ടാകില്ല. ഇനി ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.