വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച മൂന്നാമത്തെ മരണം

By Web Team  |  First Published Aug 16, 2020, 8:38 AM IST

വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


വയനാട്: വയനാട്ടിൽ വീണ്ടും കൊവിഡ് മരണം. വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രി പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അർബുദ രോഗിയായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് മറ്റ് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ  പത്തിയൂർ സ്വദേശി ആനന്ദഭവനത്തിൽ സദാനന്ദൻ (63) ആണ് മരിച്ചത്. ഹൃദ്രോഗം, കരൾ രോഗം, വൃക്ക സംബന്ധമായ അസുഖ ബാധിതനായിരുന്നു ഇയാള്‍. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

Latest Videos

undefined

മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമ (65) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു മരണം. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണാണ്.

ഞായറാഴ്ചകളില്‍ അനാവശ്യമായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമായിരിക്കില്ല. 

click me!