തുടക്കത്തിൽ കർഷകർക്ക് കൃത്യമായി ഏലയ്ക്കയുടെ പണം കിട്ടിയെങ്കിലും കൂടുതൽ വിലപ്രതീക്ഷിച്ചെത്തിയ കർഷകർ വഞ്ചിക്കപ്പെട്ടെന്നാണ് ആരോപണം.
അടിമാലി: ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ പറ്റിച്ചതായി പരാതി. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്ത്, ഏലം വാങ്ങിയ ശേഷം പണം നൽകിയില്ല. തട്ടിപ്പ് നടത്തിയ പാലക്കാട് കരിമ്പ സ്വദേശിയായ മുഹമ്മദ് നസീറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
ഇടുക്കിയിലെ അടിമാലി, വെള്ളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരാണ് തട്ടിപ്പിനിരയായത്. വിപണിയിൽ 3500 രൂപ കിലോയ്ക്ക് വിലയുള്ളപ്പോൾ അയ്യായിരം രൂപ നിരക്കിലായിരുന്നു മുഹമ്മദ് നസീറിന്റെ വാഗ്ദാനം. ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞ് ഇയാൾ ഏലക്ക സംഭരിക്കും. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെന്ററും തുറന്നിരുന്നു.
എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിന്റെ മറവിലായിരുന്നു സംഭരണം. തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് കൂടുതൽ വിലപ്രതീക്ഷിച്ചെത്തിയ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടുമാസമായി സംഭരിച്ച എലക്കയുടെ തുക തിരികെ കിട്ടാഞ്ഞതോടെ പലരും പൊലീസിനെ സമീപിച്ചു. അടിമാലി പൊലീസ് സ്റ്റേഷനിൽ മാത്രം നസീറിനെതിരെ 23 പരാതികൾ കിട്ടിയിട്ടുണ്ട്. അഞ്ചുകോടിരൂപയിലേറെ അടിമാലിയിൽ ഇങ്ങിനെ വെട്ടിച്ചെന്നാണ് കണക്ക്.
ഒരുമാസത്തിനകം മുഴുവൻ പണവും നൽകാമെന്ന് നസീർ പലർക്കും ഉറപ്പുനൽകിയിട്ടുമുണ്ടെന്നാണ് വിവരം. ഇത് മുഖവിലയ്ക്കെടുത്ത പലരും ഇതുവരെ പരാതി നൽകിയിട്ടില്ല. ഏറെക്കാലമായി അടിമാലിയിലുളള പാലക്കാട് സ്വദേശി നസീർ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം