ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക
കൊച്ചി: കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന്‍റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനികരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത് - പി രാജീവ് ചൂണ്ടിക്കാട്ടി.
മെട്രോയുടെ തുടക്കത്തില്‍ പാര്‍ക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോള്‍ കണക്ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നല്‍കുന്നത്. വാട്ടര്‍ മെട്രോ ഇപ്പോള്‍ ദേശീയതലത്തില്‍ തുടങ്ങാന്‍ പോവുകയാണ് എന്നത് കേരളത്തിന് അഭിമാനക്കാവുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളെജില്‍ പുതിയ ബ്ലോക്ക് ഉല്‍ഘാടനം ചെയ്യാന്‍ പോവുകയാണ്. ജൂഡിഷ്യല്‍ സിറ്റിയുടെ രൂപരേഖയ്ക്ക് തത്വത്തില്‍ അംഗീകാരമായി. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ജില്ലയിലെ മുന്‍ഗണനാ പദ്ധതിയായി മാറ്റി. 900 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി വരുന്നതോടെ ജനങ്ങള്‍ക്ക് വളരെ സൗകര്യപ്രദമാകും എന്നുമാത്രമല്ല മെട്രോയ്ക്കും അത് ലഭാകരമാകും എന്നും പി രാജീവ് പറഞ്ഞു.
കൊച്ചി മെട്രോ നഗരവാസികൾക്ക് മാത്രമല്ല ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടണം എന്നും അതിന് ഇലക്ടിക് ബസ് സർവ്വീസ് ഏറെ സഹായിക്കുമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു
എംഎൽഎമാരായ കെ.എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത് കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കൗൺസിലർ ജമാൽ മണക്കാടൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ, അഡീഷണണൻ ജനറൽ മാനേജർ( അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ റ്റി.ജി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു. ഫ്ലാഗ് ഓഫിനു ശേഷം മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, എം.എൽ മാർ തുടങ്ങിയവർ ഇലക്ടിക് ബസിൽ കളമശേരി മെട്രോ സ്റ്റേഷൻ വരെ യാത്ര ചെയ്തു.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും. ഇലക്ടിക് ബസിൻ്റെ ചാർജിംഗ്, ഓപ്പറേഷണൽ ഷെഡ്യൂളിംഗ് സാങ്കേതിക സഹായം എന്നിവ ജിഐസി ആണ് നൽകുന്നത്. ടിക്കറ്റിംഗ് സൊലൂഷൻ സേവനം ആക്സിസ് ബാങ്ക്, ഗ്രാൻഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നൽകുന്നു.