മല്ലപ്പളളി വിവാദ പ്രസംഗം: 'എന്‍റെ ഭാഗം കോടതി കേട്ടില്ല', രാജിയില്ലെന്ന് സജി ചെറിയാന്‍

By Web Team  |  First Published Nov 21, 2024, 11:23 AM IST

തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ 


തിരുവനന്തപുരം : മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 

ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റി‍പ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്.  ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

Latest Videos

undefined

ഇന്നത്തെ കോടതി വിധി ...ഇവിടെ വായിക്കാം മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി
മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് സ്വകാര്യ ഹർജിയിൽ വാദം കേട്ടത്. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നാതായിരുന്നു സജി ചെറിയാനെതിരായ കേസ്.

എന്നാൽ പൊലീസ് പിന്നീട് അന്വേഷണം അവസാനിപ്പിച്ചു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ട് നൽകി. സജി ചെറിയാന്റെ ഭരണതലത്തിലെ സ്വാധീനം മൂലമാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്നുമായിരുന്നു കോടതിയിലെത്തിയ ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന പോലീസ് അന്വേഷണം പ്രായോഗികമല്ലെന്നും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും  ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

click me!