കള്ളപ്പണം ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ കേസെടുക്കും എന്നതിലാണ് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്.
പാലക്കാട്: യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടൽ മുറിയിൽ കള്ളപ്പണം സൂക്ഷിച്ചന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. ജില്ലാ സെക്രട്ടറി നേരിട്ട് നൽകിയ പരാതിയും കലക്ടർ കൈമാറിയ പരാതികളും ആണ് പൊലീസിന് മുന്നിൽ ഉള്ളത്. എന്നാൽ കള്ളപ്പണം ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ കേസെടുക്കും എന്നതിലാണ് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസിന്റെ പാതിരാ റെയിഡ് പാലക്കാട് മണ്ഡലത്തിൽ വിവിധ മുന്നണികൾ തെരഞ്ഞെടുപ്പ് ചർച്ച ആക്കിയിട്ടുണ്ട്. അർധരാത്രി വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ ഇരച്ചുകയറിയത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളിൽ പാലക്കാട് കേസെടുക്കും.
undefined
പാതിരാ റെയ്ഡ് കേസിൽ സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും. തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാഫിയുടെ കാറിൽ കയറിയത്.
സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാറിൽ കോഴിക്കോടേക്ക് പോയി. തൻ്റെ കാറിൽ നിന്ന് ട്രോളികൾ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ പുറത്തുവിട്ടിരുന്നു.
അതേസമയം, ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ ഇന്ന് രാവിലെ യാക്കര മേഖലയിലാണ് പ്രചരണം നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കണ്ണാടി പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി ഇന്ന് തുഷാർ വെള്ളാപ്പള്ളിയും ശോഭാസുരേന്ദ്രനും പാലക്കാട് എത്തുന്നുണ്ട്.