മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം.
കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം ഉള്ളത്. കല്ലറയിൽ നിന്ന് മൃതദേഹം ഉടൻ പുറത്തെടുക്കും. അതേസമയം, മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അഴുകിയിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റും. നിലവിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള പൊലീസ് സർജൻ അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.
ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ ഇന്നലെ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കുടുംബത്തിൻ്റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ചോദ്യം.
ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹർജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. എന്തിനാണ് പേടിയെന്നും ഹൈക്കോടതി ഹർജിക്കാരോട് ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
https://www.youtube.com/watch?v=Ko18SgceYX8