കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ സമാധി ഇന്ന് പൊളിച്ച് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നീക്കം. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രാത്രി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റൂറൽ എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ഗോപൻ സ്വാമിയുടെ കല്ലറയിൽ മകൻ രാത്രി പൂജ നടത്തി.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലിസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വലിയ പൊലീസ് സന്നാഹത്തോടെയാകും കല്ലറ തുറക്കുക. കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം.
അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.
കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8